Sunday, 21 March 2021

പല്ലി രാഷ്ട്രീയം

കാണാൻ തീർത്തും നിരുപദ്രവകാരിയാണെങ്കിലും 
ഒരു കുട്ടി ദിനോസറിന്റെ ഛായയുണ്ട് 
എല്ലാർക്കും പേടിയില്ലായ്മയുടെ പേടിയാണ് നിങ്ങളോട്.
ആ പശയുള്ള നാക്കുകൊണ്ട് പാറ്റ പിടിക്കുന്നത് കാണാൻ രസമാണ്
ഞാനും ആ നാവിൽ ഒട്ടിപ്പിടിക്കുമ്പോൾ തീരുന്ന രസം.
നിലവിളിച്ചു കൊണ്ട് നിങ്ങൾ നുണകളെ സത്യമാക്കാറുണ്ടല്ലോ?
അതുകൊണ്ടാവും പാറ്റകൾ നിങ്ങൾക്ക് മഷി തേക്കുന്നത്.
കാവിയടിച്ച കരിവണ്ടുകളും 
ചോപ്പിൽ മുക്കിയ തുമ്പിക്കൂട്ടവും
നീലം പൂശിയ ഇയ്യാംപാറ്റയും 
പ്രാന്ത് പിടിച്ച് പറക്കാറുണ്ട് നിങ്ങടെ ചുറ്റും,
 പിന്നീടൊരിക്കൽ ചിറകറ്റുവീഴാൻ.
മച്ചിനെ അള്ളിപ്പിടിച്ചുള്ള ഭാവം കണ്ടാൽ പറയുമോ 
നിങ്ങളെന്റെ തോളിൽ വന്ന് വീഴുമെന്ന്?
നമ്മളിൽ ആരാ ആദ്യം ചാടിയതെന്നോ
കൂടുതൽ പേടിച്ചതെന്നോ അറിയില്ല.
ജനലിടുക്കിൽ വച്ച് വാൽ മുറിച്ചിട്ടപ്പൊ
നിങ്ങടെ ചോരയ്ക്ക് നിറമില്ലായിരുന്നു.

Sunday, 20 December 2020

അർബുദം

മുല്ലയും ചെമ്പരത്തിയും അപാര പ്രേമത്തിലാണ്
ചെമ്പരത്തിയാണ് കണ്ണുംപൂട്ടി കാര്യം പറഞ്ഞത്
മുല്ല വെറുതെ നറുമണം പൊഴിച്ചു ചുവപ്പിനെ ഉമ്മവച്ചു
കണ്ടു നിന്ന തെച്ചിയും ചെണ്ടുമല്ലിയും നാണിച്ച് ഇതളൊതുക്കി
ഇരുവരും പൂക്കുന്ന നാളിനായി അവർ ഒന്നിച്ച് കിനാവ് കണ്ടു
വണ്ടും പൂമ്പാറ്റയും പോലും അറിയാതെ അവർ ഒന്നായി
തോട്ടത്തിലെങ്ങും കുശുമ്പായി , ഗൂഢാലോചനകളായി
ദൈവത്തോട് പരാതി പറഞ്ഞു , വിചാരണയായി
അവരുടെ പൂന്തേൻ പോസ്റ്റ്മോർട്ടം ചെയ്തു , പരിശോധനയ്ക്കയച്ചു
ഫലം നെഗറ്റീവ് ആണത്രേ , ദൈവം ശിക്ഷയും വിധിച്ചു
രണ്ടു പേരുടെയും തണ്ട് മുറിച്ച് ആറ്റിലെറിയണം
ആരാച്ചാർ അവസാനത്തെ ആഗ്രഹം ആരാഞ്ഞു
തങ്ങളെ തണ്ടറുത്തെറിയുമ്പോൾ ഒരു ദിക്കിൽ ഇടാമോയെന്ന് ചുവപ്പും
പൂന്തേനിലെ അർബുദം എന്താണെന്ന് മുല്ലയും
അർബുദം ദൈവത്തിന്റെ കണ്ണിലാണെന്ന് ആരും പറഞ്ഞില്ല
ഇന്നും ഭേദമാകാത്ത കാൻസറിന്റെ സ്മാരകമായി
മുല്ലകളും ചെമ്പരത്തികളും മണ്ണിനടിയിൽ നിന്ന് കെട്ടിപ്പിടിച്ചു